“ശിശുക്കൾ എന്റെ അടുക്കൽ വരാൻ അനുവദിക്കുവിൻ അവരെ തടയരുത്’ (മത്തായി 10:14) യേശുവിന്റെ ഇൗ വാക്കുകൾ ഹൃദയത്തിൽ സൂക്ഷിച്ച് 1843 ൽ ഫ്രാൻസിലെ നാൻസി രൂപതയുടെ മെത്രാനായിരുന്ന ചാൾസ് ഡിഫോർബിൻ ജാൻസൺ മെത്രാൻ തിരുബാല സഖ്യം എന്ന കൊച്ചുകുട്ടികളുടെ സംഘടന രൂപീകരിച്ചു. 1922-ൽ 11-ാം പീയൂസ് മാർപാപ്പ ഈ സംഘടനയെ ഒരു പൊന്തിഫിക്കൽ സംഘടനയായി ഉയർത്തി. ബാലനായ ഈശോയുടെ കൊടക്കീഴിൽ അണിനിരക്കുന്ന കത്തോലിക്കാ ബാലികാബാലന്മാരുടെ അഖിലലോക സംഘടനയാണിത്. “കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളെ സഹായിക്കട്ടെ, പ്രാർത്ഥിക്കട്ടെ’ എന്നതാണ് ഇൗ സംഘടനയുടെ ആപ്തവാക്യം. ബഹു. സിസ്റ്റേഴ്സിൻ്റെ നേതൃത്വത്തിൽ 2 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ വളരെ സജീവമായി ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. ശനിയാഴ്ചകളിൽ വി.കുർബാനയ്ക്കുശേഷം ഈ കുട്ടികളെല്ലാവരും ഒന്നിച്ചുകൂടുകയും പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്ന ഇവർ ഉണ്ണീശോയുടെ പ്രത്യേക സംരക്ഷണവലയത്തിലാവുകയും പരി.അമ്മയുടെ കൈപിടിച്ച് നടക്കുകയും ചെയ്യുന്നു. കുട്ടികളുടെ നിഷ്കളങ്ക ബാല്യത്തിന് ഭീഷണിയാകുന്ന അനവധി സാഹചര്യങ്ങളുള്ള ഈ കാലഘട്ടത്തിൽ തിരുബാല സഖ്യം എന്ന സംഘടനയിലൂടെ നമ്മുടെ കുരുന്നുകൾ ഈശോയുടെ അടുക്കലേയ്ക്ക് നിർഭയം നീങ്ങട്ടെ.