- Home
- About Us
- Attractions
Attractions
The Evangelists
ST.LUKE
ലൂക്കാ സുവിശേഷകനെയും കാളയെയുമാണ് പ്രധാന വാതിലിനു മുകളിലുള്ള രൂപക്കൂടിൽ പ്രതിനിധാനം ചെയ്തിരിക്കുന്നത്. ലൂക്കായുടെ സുവിശേഷം ആരംഭിക്കുന്നത് ജറുസലേം ദേവാലയത്തിലെ സക്കറിയായുടെ ബലിയർപ്പണത്തിൽ നിന്നാണ്. പഴയ നിയമത്തിലെ ബലിമൃഗമായ കാളയെയാണ് ലൂക്കാ സുവിശേഷകനോടൊപ്പം കാണിക്കുന്നത് (ലേവ്യ 3:1). പുതിയ നിയമത്തിലെ ബലിയായ ഈശോ ഇവരിലൂടെ സംജാതമാകുന്നുവെന്ന് സൂചിപ്പിക്കുന്നു.
ST.MATHEW
വചനപ്രഘോഷണവേദിയുടെ നാലുവശത്തും നാലു സുവിശേഷകന്മാരുടെ രൂപങ്ങൾ വെച്ചിരിക്കുന്നു. അതോടൊപ്പമുള്ള (വെളി. 4:7 പരാമർശിക്കുന്നത്) പ്രതീകങ്ങൾ സുവിശേഷത്തിന്റെ അന്തസത്ത ദ്യോതിപ്പിക്കുന്നു. മത്തായി സുവിശേഷകനോടു ചേർന്നു മനുഷ്യതുല്യമായ മുഖത്തോടുകൂടിയ മാലാഖയെ കൊടുത്തിരിക്കുന്നു. ഈശോയായിരുന്നു യഹൂദജനം പ്രതീക്ഷിച്ചിരുന്ന മിശിഹായെന്നു അവരെ ബോധ്യപ്പെടുത്തുവാനായി പ്രവാചകവചനങ്ങൾ ഈശോയിൽ നിറവേറുന്നതായി മത്തായി ശ്ലീഹാ സുവിശേഷത്തിൽ പ്രത്യേകം എടുത്തുകാണിക്കുന്നു (1:23; 2:6; 2:17; 2:23; 3:3; 3:15; 4:14; 8:17; 12:17; 13:14; 13:35). അതുപോലെതന്നെ ഈശോയുടെ മാനുഷിക വശങ്ങൾ ഊന്നിപ്പറയുന്നു. മനുഷ്യർക്ക് ഇത്ര കൃത്യമായി എഴുതുവാൻ സാധ്യമല്ലെന്നു കരുതിയ ആദിമ സഭാസമൂഹം മത്തായി ശ്ലീഹായ്ക്ക് ദൈവം നേരിട്ട് ഒരു മാലാഖവഴി ഈ വചനം നൽകിയതാണെന്നു കരുതുന്നു.
ST.MARK
മർക്കോസ് സുവിശേഷകനോപ്പം സിംഹത്തിന്റെ രൂപമാണുള്ളത്. ഗർജ്ജിക്കുന്ന സിംഹം ദൈവവികസവരമാണ് മർക്കോസിന്റെ സുവിശേഷം. സ്നാപകയോഹന്നാന്റെ മരുഭൂമിയിലെ പ്രസംഗം ഇതിനു തെളിവാണ് (മർക്കോസ് 1:1-8). മർക്കോസ് സുവിശേഷം ആരംഭിക്കുന്നതുതന്നെ ഈശോയുടെ ദൈവത്വം പ്രഖ്യാപിച്ചുകൊണ്ടാണ് (1:1). സുവിശേഷം അവസാനിക്കുന്നതും ഈശോയുടെ ദൈവത്വം ആവർത്തിച്ചുകൊണ്ടാണ്. “സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു” (മർക്കോസ് 15:39).
ST.JOHN
യോഹന്നാൻ സുവിശേഷകന്മാരിലും ഒരു വ്യത്യസ്തനാണ്. ഏറ്റവും മഹത്തായ ദൈവവിസ്മയ ചിഹ്നങ്ങളാലും സ്പർശിയായ സംഭവങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷമാണ് യോഹന്നാൻ അറിയിച്ച സുവിശേഷം. ആകാശത്തിലെ ഉയർന്നു പറക്കുന്ന കഴുകനെപ്പോലെ അതിത്തെളിവലേക്ക് ലക്ഷ്യം വയ്ക്കുന്ന ഒരു ദൈവവിവരണമാണ് യോഹന്നാന്റെ സുവിശേഷത്തിനുള്ളത്. സുവിശേഷത്തിലെ ഒന്നാമദ്ധ്യായം തികച്ചും ആകാശത്തിൽ ഏറ്റവും ഉയരത്തിൽ പറക്കുന്ന കഴുകൻ സുവിശേഷത്തിന്റെ പ്രതീകമായി.
Sacred Symbols & Relics
The Descending Dove
ബേമ്മയുടെ മുകൾഭാഗത്ത് പറന്നിറങ്ങുന്ന പ്രാവിൻ്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. ജ്ഞാനസ്നാനസമയത്ത് ഈശോയുടെമേൽ പറന്നിറങ്ങിയ പരിശുദ്ധാത്മാവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. “പരിശുദ്ധാത്മാവ് പ്രാവിൻ്റെ രൂപത്തിൽ അവൻ്റെമേൽ ഇറങ്ങിവന്നു” (ലൂക്കാ 3:22). വചന പ്രഘോഷണവേദിയിൽ നിൽക്കുന്ന പുരോഹിതൻ്റെയും അദ്ദേഹത്തെ ശ്രവിക്കുന്ന വിശ്വാസികളുടെയും ഹൃദയങ്ങളെ വചനത്താൽ ജ്വലിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. “അവർ പരസ്പരം പറഞ്ഞു വഴിയിൽ വച്ച് അവൻ വിശുദ്ധലിഖിതം വിശദീകരിച്ചുകൊണ്ട് നമ്മോടു സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേ? (ലൂക്കാ 24:32). “പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടേയും മേൽ പരിശുദ്ധാത്മാവ് വന്നു” (അപ്പ.പ്ര. 10:44). പരിശുദ്ധാത്മാവിൻ്റെ കൃപാവരം വചനം സ്വീകരിക്കാൻ ആവശ്യമാണ്.
The stone touched by Jesus's feet
ജറുസലേമിൽനിന്നും കെദ്രാൺ തോടുകടന്ന് ഒലിവുമലയിലേക്കുള്ള ഇടവഴി ഈശോയുടെ കാലത്തുള്ളതുപോലെ ഇന്നും നിലനിൽക്കുന്നു. ഈശോ ജറുസലേമിൽ താമസിച്ചിരുന്നപ്പോൾ രാത്രികാലങ്ങളിൽ ഒലിവുമലയിലേക്ക് പ്രാർത്ഥിക്കുവാൻ പോയിരുന്നത് ഈ ഇടവഴിയിലൂടെയാണ്. ഈ വഴിയുടെ മധ്യഭാഗത്തുള്ള രണ്ടു വലിയ കല്ലുകൾക്കിടയിൽ പ്രകാശകിരണങ്ങൾ പോലൊരു ചെറിയ കല്ല് കാണപ്പെട്ടു. ആ കല്ല് ഈശോയുടെ പാദസ്പർശമേറ്റതാണെന്ന് പിന്നീട് പല സംഭവങ്ങളിൽ നിന്നും വ്യക്തമായി. ഇന്ന് ഒരു അമൂല്യനിധിയായി കളത്തൂർ പള്ളിയിൽ വലതു പാർശ്വത്തിലുള്ള അൾത്താരയിൽ സ്ഥാപിച്ചിരിക്കുന്നു.
Marthoma kurishu
ദേവാലയത്തിന് മുകളിൽ ഒരു മാർത്തോമ്മാക്കുരിശ് സ്ഥാപിച്ചിരിക്കുന്നു.രക്ഷയുടെ അടയാളമാണ് കുരിശ്. ഇടവക ജനത്തിന് സമാധാനത്തിന്റെയും ശാന്തിയുടെയും പ്രത്യാശയുടെയും ആശ്വാസത്തിന്റെയും കതിരുകൾ ചൊരിയുന്നു നിത്യ രക്ഷ പ്രദാനം ചെയ്യുന്ന പ്രതീകമാണ് കുരിശ്. മാർത്തോമ്മാക്കുരിശ് സഭയുടെ പാരമ്പര്യത്തെയും തനിമയെയും സംസ്കാരിക പശ്ചാത്തലത്തേയും പ്രകാശിപ്പിക്കുന്നു
Risen Christ
ഉയിർത്തെഴുന്നേറ്റ ഈശോയുടെ രൂപം മദ്ബഹയിൽ സ്ഥാപിച്ചിരിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് ശിഷ്യന്മാർക്കു നൽകിയ സാക്ഷ്യത്തെയാണിതു സൂചിപ്പിക്കുന്നത്. (1 കോറി. 15:4-8). ഉത്ഥിതനായ മിശിഹായാണു പരിശുദ്ധ കുർബാനയിൽ സന്നിഹിതനായിരിക്കുന്നത്.
Feast Rituals & Traditions
Thamukku
കളത്തൂർ പള്ളിയുടെ ആരംഭകാലം മുതൽ തുടങ്ങിയതും ഇപ്പോഴും മുടക്കമില്ലാതെ നടത്തിവരുന്നതുമായ വളരെ പ്രസിദ്ധമായ ഒരു നേർച്ചയാണ് തമുക്കുനേർച്ച. ഈ നേർച്ചയുടെ ആരംഭത്തേപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. അതിലൊന്ന് കുറവിലങ്ങാട്ട് വികാരിയായിരുന്ന ബഹു. നിധീരിക്കൽ മാണിയച്ചന്റെ കാലത്ത് 1877-ൽ കുറവിലങ്ങാട് ഇടവകയിൽപ്പെട്ട കളത്തൂർ നിവാസികളായ ക്രിസ്ത്യാനികൾക്ക് തങ്ങളുടെ വിശ്വാസപരമായ അനുഷ്ഠാനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിച്ചവരിൽനിന്ന് മോചനം നേടുന്നതിനായി അച്ചന്റെ നിർദ്ദേശ പ്രകാരം കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം മുമ്പാകെ ഏകമനസ്സോടെ പ്രാർത്ഥിച്ച് തങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി ഓശാന നാളിൽ ഒരു നേർച്ച നടത്തുവാൻ തീരുമാനിച്ചതായും, അതാണ് ഇന്ന് നടന്നുവരുന്ന തമുക്കുനേർച്ചയെന്നുമാണ്. തമുക്കുനേർച്ചയ്ക്ക് കാരണമായ സംഭവത്തെപ്പറ്റി പണ്ഡിതനും കുറവിലങ്ങാട് സ്വദേശിയുമായ വി.സി. ജോർജ്ജ്, “നിധീരിക്കൽ മാണിക്കത്തനാർ” എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നത് മറ്റൊന്നാണ്.ബാലരാമവർമ്മ ആയില്യം തിരുനാൾ രാജാവ് തിരുവിതാംകൂർ ഭരിച്ച കാലത്ത് സർ എ. ശേഷയ്യാശാസ്ത്രീ പ്രധാനമന്ത്രി ആയിരിക്കെ മാനസിംഗ് എന്നൊരാൾ പറവൂർ മുതലായ വടക്കൻ പ്രദേശങ്ങളിലെ പോലീസ് സൂപ്രണ്ടായി നിയമിക്കപ്പെട്ടു. അദ്ദേഹം കുറേ സഹായികളോടുകൂടി 1873-ലെ ദുഃഖശനിയാഴ്ച ദിവസം കളത്തൂർ ഗ്രാമത്തിൽ ചുങ്കം കൊടുക്കാതെ ഒളിച്ചുകടത്തുന്ന വ്യാജ പുകയില കണ്ടെത്താൻ അന്വേഷണത്തിനിറങ്ങി. ഉയിർപ്പു ഞായറാഴ്ചത്തേയ്ക്ക് ഉപയോഗിക്കുന്നതിനുവേണ്ട മത്സ്യം പിടിക്കുന്നതിനുവേണ്ടി പുരുഷന്മാർ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മത്സ്യ സ്രോതസ്സുകളിലേക്ക് പോയിരുന്നു. വീടുകളിൽ സ്ത്രീകളേ ഉണ്ടായിരുന്നുള്ളൂ. മാനസിംഗും കൂട്ടരും വീടുകളിൽ കയറി മര്യാദവിട്ട് വിവിധ തരത്തിൽ മാനസികമായും ശാരീരികമായും പുറത്തുപറയുവാൻ ബുദ്ധിമുട്ടുള്ള രീതിയിൽ സ്ത്രീകളെ അതിക്രൂരമായി പീഢിപ്പിച്ചു. അവരിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് രഹസ്യ സ്ഥലങ്ങളിൽ ഒളിച്ചുവച്ചിരുന്ന പുകയില പിടിച്ചെടുക്കുകയും ചെയ്തു. മത്സ്യം പിടിക്കാൻ പോയിരുന്ന പുരുഷന്മാർ തിരിച്ചെത്തിയപ്പോൾ വലിയ കലഹമുണ്ടാവുകയും മാനസിംഗിനു ഒരു നമ്പൂതിരി ഭവനത്തിൽ ഒളിക്കേണ്ടി വരികയും ചെയ്തു. പിറ്റേന്ന് ഉയിർപ്പുദിവസം അദ്ദേഹം കൂടുതൽ പോലീസുകാരുമായി അന്വേഷണത്തിനിറങ്ങുകയും ആളുകളെ പീഢിപ്പിക്കുകയും, വഴിയേ വന്ന കളത്തൂക്കാരൻ പൊട്ടനാട്ട് ആലപ്പാട്ട് പൗലോസ് ശെമ്മാശനെ മർദിച്ച് അവശനാക്കുകയും ചെയ്തു. കൂടാതെ അന്വേഷണത്തിന് തടസ്സം നിൽക്കുകയും ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് അനേകം ക്രിസ്ത്യാനികളുടെ പേരിൽ മജിസ്ട്രേറ്റ് കോടതിയിൽ കേസും ഫയൽ ചെയ്തു. മാനസിംഗ് അന്യായമായി മർദ്ദിച്ചുവെന്ന് ആരോപിച്ച് ക്രിസ്ത്യാനികളും കേസ് കൊടുത്തു. ഏറ്റുമാനൂരും കൊല്ലത്തും ആലപ്പുഴയിലും കേസ് നടന്നു. ആലപ്പുഴയിൽ കേസ് നടത്തുന്നതിന് നിധീരിക്കൽ മാണി ശെമ്മാശൻ ആലപ്പുഴ മാർസ്ലീവാ പള്ളിയിൽ താമസിച്ചിരുന്നു. അദ്ദേഹത്തെ വധിക്കുവാൻ മാനസിംഗ് മൂന്നു പ്രാവശ്യം ശ്രമിക്കുകയുണ്ടായി എന്നാണ് പറയപ്പെടുന്നത്. ശെമ്മാശനെ സ്വാധീനിച്ച് കേസിൽ നിന്നും ഒഴിവാകാൻ പലരേയും പ്രേരിപ്പിക്കുകയും ചെയ്തു. അവസാനം 1874-ൽ മാനസിംഗിന് ആറുവർഷം കഠിനതടവ് ശിക്ഷ കിട്ടി. കളത്തൂർകാരായ ആറ് ക്രിസ്ത്യാനികൾക്ക് ആക്രമിക്കുവാൻ ശ്രമിച്ചതിന്റെ പേരിൽ ആറുമാസത്തെ തടവുശിക്ഷയും വിധിക്കപ്പെട്ടു. മേൽപറഞ്ഞ മാനസിംഗിന്റെ ന്യായരഹിതമായ പ്രവർത്തനത്താൽ കളത്തൂരുകാരായ ക്രിസ്ത്യാനികൾക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങളിൽനിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടിയാണ് ഓശാന ദിവസം കുറവിലങ്ങാട്ട് പള്ളിയിൽ തമുക്കുനേർച്ച നടത്താൻ നേർന്നതെന്നും അതാണ് ഇന്നും തുടർന്നുപോരുന്നതെന്നും പറയപ്പെടുന്നുണ്ട്. കളത്തൂർ നിവാസികൾ കുറവിലങ്ങാട്ട് പള്ളിയിൽ ആരംഭിച്ച ഈ തമുക്കുനേർച്ച ഇപ്പോൾ കളത്തൂർ നിവാസികൾ വസിക്കുന്ന മറ്റു ഇടവകകളിലും വലിയ നോയമ്പിന്റെ അവസാന ഞായറാഴ്ചയായ ഓശാന ഞായറാഴ്ചകളിൽ ഭക്ത്യാദരവോടെ നടത്തിവരുന്നു. നേർച്ചയ്ക്കുവേണ്ടി ഓരോ ദമ്പതികളും നൂറ് ചെറുപഴവും മൂന്ന് നാഴി അരിവറുത്തു പൊടിച്ചതും 5 തേങ്ങ ചുരണ്ടിയതും ശർക്കര വാങ്ങുന്നതിനാവശ്യമായ പണവും പള്ളിയിൽ ഏൽപ്പിക്കുന്നു. പള്ളിയിൽ നിന്നും ശർക്കര വാങ്ങി നിർദ്ദിഷ്ട രീതിയിൽ അത് പാകം ചെയ്ത് ബഹുമാനപ്പെട്ട വൈദികർ പ്രത്യേക പ്രാർത്ഥന നടത്തി ആശിർവദിച്ച് കുടുംബങ്ങൾക്ക് ഓഹരിയായും മറ്റുള്ളവർക്ക് നേർച്ചയായും നൽകുന്നു. ഈ നേർച്ചയിൽ പങ്കുചേരുവാൻ ജാതിമത ഭേദമന്യേ അനേകം ആളുകൾ ദൂരസ്ഥലങ്ങളിൽ നിന്നുപോലും എത്തിച്ചേരുന്നു.
Sacred Statues & Iconography
The Holy Family
ദേവാലയം ക്രിസ്തീയകൂട്ടായ്മയുടെ ഒരു വേദിയാണ്. സ്വർഗ്ഗമാകുന്ന ഭവനം അത് ഭൂമിയിൽ അനുഭവവേദ്യമാക്കിത്തീർക്കുന്നു. പരിശുദ്ധകുർബാനയിൽ വിരികൾ മാറ്റുമ്പോൾ സ്വർഗ്ഗത്തിന്റെ വാതിലുകൾ തുറന്നുതന്ന ഈശോയെ അനുസ്മരിക്കുന്നു. ഇടവക ഒരു കുടുംബമാണ്. ദൈവികജീവിതം പങ്കുവയ്ക്കാനാണ് ഈ കുടുംബം സമ്മേളിക്കുന്നത്. ദൈവഹിതം നിർവ്വഹിക്കുമ്പോഴാണ് ദൈവികജീവിതം പങ്കുവയ്ക്കുന്നത്. ദൈവഹിതം പൂർണ്ണമായും നിറവേറ്റിയ തിരുക്കുടുംബമാണ് (Ref. മത്താ. 1:24; 2:14, 2:21; ലൂക്കാ 1:38, 2:22-24, 2:51-52, 22:42; യോഹ. 7:16) ഇടവക കുടുംബത്തിന്റെ ഉദാത്ത മാതൃക. തിരുക്കുടുംബം ദൈവഹിതം പാലിച്ചതുപോലെ ദൈവാരാധനയ്ക്കു വരുന്നവർ ദൈവഹിതം പാലിക്കേണ്ടവരാണെന്നു ഈ ഗ്രോട്ടോ നമ്മെ പഠിപ്പിക്കുന്നു. നാം ഓരോരുത്തരും ദൈവഭവനങ്ങളാണെന്നും അതിനു യോജിച്ച പ്രവൃത്തികൾ അനുവർത്തിക്കേണ്ടവരാണെന്നും തിരുക്കുടുംബം ഉദ്ബോധിപ്പിക്കുന്നു. “നിങ്ങളിൽ വസിക്കുന്ന ദൈവാത്മാവായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?” (1 കോറി. 6:19). ദൈവഭവനങ്ങളായ നാം ദേവാലയത്തിൽ ഒന്നിച്ചു ചേരുമ്പോൾ ദൈവികജീവിതം ഈ ഭൂമിയിൽത്തന്നെ അനുഭവിച്ചറിഞ്ഞ തിരുക്കുടുംബത്തിനു സദൃശരാകേണ്ടവരാണ്..
Samariyakari
സിക്കാർ എന്ന സ്ഥലത്ത് യാക്കോബിന്റെ കിണറിനടുത്തിരിക്കുന്ന യേശു സമരിയാക്കാരിയോടു സംസാരിക്കുന്നു. യേശുവിന്റെ സംസാരത്തിൽ നിന്നും അവിടുന്ന് ദൈവപുത്രനാണെന്ന ബോധ്യത്തോടുകൂടി പട്ടണങ്ങളിൽച്ചെന്ന് അവൾ യേശുവിനെപ്പറ്റി സംസാരിക്കുന്നു. ദേവാലയത്തിലേയ്ക്ക് വരുന്ന വ്യക്തികൾ സമരിയാക്കാരിയെപ്പോലെ വിശ്വാസത്തിൽ ആഴപ്പെടേണ്ടവരും യേശുവിനെ പ്രഘോഷിക്കേണ്ടവരുമാണ്.
The Declaration of Faith of St. Thomas
ദേവാലയത്തിൽ പ്രവേശിക്കുന്ന വ്യക്തി നമ്മുടെ പിതാവായ മാർ തോമ്മാശ്ലീഹായെപ്പോലെ “എൻ്റെ കർത്താവേ, എൻ്റെ ദൈവമേ” എന്നു മനസ്സിൽ ഉരുവിടുകയും ആ വന്ദ്യപിതാവിൻ്റെ ചൈതന്യത്തോടുകൂടി ദേവാലയത്തിൽ പ്രവേശിക്കുകയും ചെയ്യണം. ഉത്ഥിതനായ മിശിഹായെ അനുഭവിച്ചറിയണമെന്നുള്ള തോമ്മാശ്ലീഹായുടെ ശാഠ്യമാണ് ശ്ലീഹായുടെ ക്രിസ്താനുഭവത്തിന് വഴിയൊരുക്കിയത്. ദൈവത്തെ അനുഭവിച്ചറിയണമെന്നുള്ള തീക്ഷ്ണമായ ആഗ്രഹം ദേവാലയത്തിൽ പ്രവേശിക്കുന്നവർക്ക് ഉണ്ടായിരിക്കണമെന്നു തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ദൃശ്യം നമ്മെ ഓർമ്മപ്പെടുത്തുന്നു.
The Virgin Mary visits Aunt Elizabeth
“ദൈവമാതാവ്” എന്ന വലിയ കൃപ ലഭിച്ച പരിശുദ്ധ കന്യകാമറിയം ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കുവാൻ ചെല്ലുന്നു. ദൈവത്തിൽനിന്നും അനുഗ്രഹങ്ങൾ സ്വീകരിക്കുന്നവർക്ക് കന്യകാമറിയം ഒരു ദൃഷ്ടാന്തമാണ്. ദൈവാനുഗ്രഹങ്ങൾ സ്വീകരിക്കുവാൻ ദേവാലയത്തിൽ പ്രവേശിക്കുന്നവർക്ക് ഉണ്ടാകേണ്ട മനോഭാവം ശുശ്രൂഷയുടേതാവണം. “ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസം മൃതമാണ്” (യാക്കോബ് 2:26). ദൈവത്തിൽനിന്നും അനുഗ്രഹങ്ങൾ പ്രാപിക്കുന്നവർ ദൈവത്തെ മഹത്വപ്പെടുത്തുന്നത് മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിലൂടെയാണ്. “മനുഷ്യർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ട് സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” (മത്താ. 5:16). ദൈവത്തിൽ നിന്നും സമൃദ്ധമായ അനുഗ്രഹങ്ങൾ ലഭിച്ച കന്യകാമറിയം ദൈവകൃപ ലഭിച്ച എലിസബത്തുമായി തൻ്റെ സന്തോഷം പങ്കുവയ്ക്കുന്നു (Ref.ലൂക്കാ. 1:39-56). ദൈവാനുഗ്രഹം പ്രാപിക്കുന്നവർ ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തിയും സഹോദരങ്ങൾക്ക് ശുശ്രൂഷ ചെയ്തും ജീവിക്കേണ്ടവരാണെന്ന് ഈ ഗ്രോട്ടോ ഓർമ്മപ്പെടുത്തുന്നു
The image of the Blessing Lord
അനുഗ്രഹിച്ച നിൽക്കുന്ന കർത്താവിൻറെ പത്തടി ഉയരമുള്ള രൂപം ദേവാലയത്തിന്റെ മുൻവശത്തുള്ള വഴിയോട് ചേർന്ന് സാധിച്ചിരിക്കുന്നു ഒരുവൻ തന്നെപ്പോലെ തന്നെ എളിമപ്പെടുത്തി ദൈവ സന്നിധിയിലേക്ക് തിരിയുന്ന ആദ്യ നിമിഷം തന്നെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നു എന്ന് ബോധ്യപ്പെടുത്തുവാൻ കർത്താവിൻറെ ഈ രൂപം ഉപകരിക്കുന്നു "നീ നിൻറെ ദൈവത്തിൻറെ മുമ്പിൽ നിന്നെ തന്നെ എളമപ്പെടുത്താൻ തുടങ്ങിയ ദിവസം മുതൽ നിൻറെ പ്രാർത്ഥന കേൾക്കപ്പെട്ടിരിക്കുന്നു" (ദാനി 10:12) "അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എൻ്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്താ. 11:28) എന്ന തിരുവചനം ഈ രൂപം നമ്മെ ഓർമിപ്പിക്കുന്നു
The Annunciation
ദൈവം മനുഷ്യനായി ഭൂമിയിലേക്കിറങ്ങിവന്ന സമയമാണ് മംഗളവാർത്ത. ദേവാലയത്തിലേയ്ക്ക് വരുന്നവർ ഭൂമിയിലിറങ്ങിവസിക്കുന്ന ദൈവത്തെ കാണുവാനും ആ ദൈവിക ജീവിതത്തിൽ പങ്കുപറ്റാനുമാണ് വരുന്നത്. മംഗളവാർത്തയുടെ ഗ്രോട്ടോ ഈ ലക്ഷ്യത്തെ അനുസ്മരിപ്പിക്കുന്നു. "വെയിലാറിയപ്പോൾ ദൈവമായ കർത്താവ് തോട്ടത്തിൽ ഉലാത്തുന്നതിൻ്റെ ശബ്ദം കേട്ടു" (ഉൽപ. 3:8). മനുഷ്യൻ നഷ്ടമാക്കിയ ഈ ദൈവികജീവിതം വീണ്ടും നൽകുവാനാണ് ദൈവം മനുഷ്യനായി കന്യകാമറിയത്തിൽ നിന്നും ജനിച്ചത്. "കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്ന് കർത്താവ് പ്രവാചകൻ മുഖേന അരുളിച്ചെയ്തതു പൂർത്തിയാക്കാൻ വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്" (മത്താ. 1:23). മംഗളവാർത്ത ശ്രവിച്ച കന്യകാമറിയം പറഞ്ഞു "ഇതാ കർത്താവിൻ്റെ ദാസി; നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ" (ലൂക്കാ 1:38). ദേവാലയത്തിലേയ്ക്കു വരുന്ന ആരാധകനുണ്ടാകേണ്ട മനോഭാവം പരിശുദ്ധ കന്യകാമറിയം വെളിവാക്കുന്നു. പഴയ കാലങ്ങളിൽ കുർബാനമദ്ധ്യേ 'ലാക്മാറ' (സർവ്വാധിപനാം) ആലപിക്കുമ്പോൾ മദ്ബഹയുടെ കതകുകൾ തുറന്നിരുന്നു. ഇങ്ങനെ തുറക്കുന്ന കതകുകളിൽ മാലാഖയുടെയും കന്യകാമറിയത്തിൻ്റെയും ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. ഭൂമിയിലേയ്ക്ക് കന്യകാമറിയത്തിലൂടെ ദൈവം എഴുന്നള്ളി വരുന്ന വലിയ സംഭവത്തെയാണ് ഇവിടെ അനുസ്മരിച്ചിരുന്നത്. മനുഷ്യനായി ഭൂമിയിലിറങ്ങിവരുന്ന ദൈവത്തെ ദർശിക്കുവാൻ ദേവാലയത്തിൽ പോകുന്ന മനുഷ്യന് മംഗളവാർത്ത പ്രചോദനമാണ്
Sacred Spaces & Artworks
Mariyan Grotto
1986 ൽ ബഹുമാനപ്പെട്ട വെട്ടുവഴിയിൽ എമ്മാനുവേൽ അച്ചൻ വികാരിയായിരുന്ന കാലത്ത് അച്ചന്റെ ആഗ്രഹമനുസരിച്ച് വെമ്പള്ളി - കോതനല്ലൂർ റോഡും, കാണക്കാരി - തോട്ടുവാ റോഡും കടന്നുപോകുന്ന ഭാഗത്ത് ഒരു പീഠത്തിന്മേൽ കുട ചൂടി നിൽക്കുന്ന മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കുകയുണ്ടായി. ബഹു. അലക്സ് കോഴിക്കോട്ട് അച്ചൻ വികാരിയായും വിൻസെന്റ് മൂങ്ങാമാക്കൽ അച്ചൻഅസ്സി. വികാരിയായും ഇരുന്ന കാലത്ത് അവരുടെ നേതൃത്വത്തിൽ മാതാവിന്റെ തിരുസ്വരൂപം സ്ഥാപിച്ചിരുന്നിടത്ത് പ്രകൃതിയാൽ രൂപപ്പെടുത്തിയെടുക്കപ്പെട്ട ഉരുളൻ കല്ലുകളാൽ അതിമനോഹരമായഒരു ഗ്രോട്ടോ പണികഴിപ്പിക്കുകയും അതിന്റെ വെഞ്ചരിപ്പുകർമ്മം 2004 ഡിസംബർ 13-ാംതീയതി മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവ്വഹിക്കുകയും ചെയ്തു. ഇൗ വഴി കടന്നുപോകുന്നവർ ഒരു നിമിഷം പരിശുദ്ധ മാതാവിനെ വണങ്ങി നേർച്ചയർപ്പിച്ചു പോകുന്നത് ഹൃദ്യമായ കാഴ്ചയാണ്.
Kalkkurishu
ദൈവാലയത്തിൻ്റെ മുൻവശത്ത് മനോഹരമായ കൽക്കുരിശ് സ്ഥാപിച്ചിരിക്കുന്നു. കൽക്കുരിശ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മഹത്തായ ക്രൈസ്തവ പൈതൃകത്തിൻ്റെ ഭാഗമാണ്. നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽത്തന്നെ തൻ്റെ പ്രേഷിത ദൗത്യത്തിൽ ക്രിസ്തീയ സമൂഹങ്ങളെ രൂപപ്പെടുത്തി അവരുടെയിടയിൽ വിശുദ്ധ കുരിശുകൾ സ്ഥാപിച്ചു. നമ്മുടെ പാരമ്പര്യത്തിൽ മാർത്തോമ്മാശ്ലീഹായുടെ ഏഴരപ്പള്ളികളുടെ സംസ്ഥാപനത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ഈ മഹത്തായ പാരമ്പര്യമാണ് കൽക്കുരിശ് പ്രതിനിധാനം ചെയ്യുന്നത്. തദ്ദേശീയ പാരമ്പര്യമനുസരിച്ച് സന്ധ്യാസമയത്ത് വീടുകളിൽ നിന്നും എണ്ണക്കൊണ്ടുവന്ന് ഒഴിച്ച് ദൈവാലയത്തിനു മുൻവശത്ത് കൽവിളക്കുകളിൽ തിരികൾ തെളിച്ചിരുന്നു. അതനുസരിച്ച് മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ ഇടവക്കാദൈവാലയത്തിനുള്ളിൽ കൽക്കുരിശിൽ എണ്ണയൊഴിച്ച് വിളക്കുകത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച് കല്ല് അനശ്വരത്തിൻ്റെയും ദൈവികതയുടെയും ചിഹ്നമാണ്. കൽക്കുരിശ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആദിമ പാരമ്പര്യമനുസരിച്ചുള്ള രൂപകൽപ്പനയാണ്.
Kalkkurishu
ദൈവാലയത്തിൻ്റെ മുൻവശത്ത് മനോഹരമായ കൽക്കുരിശ് സ്ഥാപിച്ചിരിക്കുന്നു. കൽക്കുരിശ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മഹത്തായ ക്രൈസ്തവ പൈതൃകത്തിൻ്റെ ഭാഗമാണ്. നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹാ ഒന്നാം നൂറ്റാണ്ടിൽത്തന്നെ തൻ്റെ പ്രേഷിത ദൗത്യത്തിൽ ക്രിസ്തീയ സമൂഹങ്ങളെ രൂപപ്പെടുത്തി അവരുടെയിടയിൽ വിശുദ്ധ കുരിശുകൾ സ്ഥാപിച്ചു. നമ്മുടെ പാരമ്പര്യത്തിൽ മാർത്തോമ്മാശ്ലീഹായുടെ ഏഴരപ്പള്ളികളുടെ സംസ്ഥാപനത്തെപ്പറ്റി വിവരിക്കുന്നുണ്ട്. ഈ മഹത്തായ പാരമ്പര്യമാണ് കൽക്കുരിശ് പ്രതിനിധാനം ചെയ്യുന്നത്. തദ്ദേശീയ പാരമ്പര്യമനുസരിച്ച് സന്ധ്യാസമയത്ത് വീടുകളിൽ നിന്നും എണ്ണക്കൊണ്ടുവന്ന് ഒഴിച്ച് ദൈവാലയത്തിനു മുൻവശത്ത് കൽവിളക്കുകളിൽ തിരികൾ തെളിച്ചിരുന്നു. അതനുസരിച്ച് മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ ഇടവക്കാദൈവാലയത്തിനുള്ളിൽ കൽക്കുരിശിൽ എണ്ണയൊഴിച്ച് വിളക്കുകത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഭാരതീയ പാരമ്പര്യമനുസരിച്ച് കല്ല് അനശ്വരത്തിൻ്റെയും ദൈവികതയുടെയും ചിഹ്നമാണ്. കൽക്കുരിശ് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ആദിമ പാരമ്പര്യമനുസരിച്ചുള്ള രൂപകൽപ്പനയാണ്.
Kodimaram
പള്ളിയുടെ വലതുവശത്ത് മുൻഭാഗത്തായി നിർമ്മിച്ചിരിക്കുന്ന കൊടിമരം ഭാരതീയ സംസ്കാരത്തിൽ നിന്നും ഉടലെടുത്തതാണ്. ദൈവാലയത്തിലെ തിരുനാളുകളുടെ അറിയിപ്പായിട്ടാണ് കൊടിമരത്തിൽ കൊടി ഉയർത്തുന്നത്. കൊടിമരത്തിന്റെ മുകളിൽ ഉറപ്പിച്ചിരിക്കുന്ന കുരിശ് വാനമേഘങ്ങളിൽ കുരിശടയാളത്തോടെ പ്രത്യക്ഷപ്പെടുന്ന ഈശോയെയും അന്ത്യവിധിയെയും സൂചിപ്പിക്കുന്നു.
The Way of the Cross in Mural Paintings
സൗഭാഗ്യകരമായ അവസരങ്ങൾ പ്രതീകിച്ചിരിക്കുന്ന ജീവിത യാത്രയുടെ എതിർവശത്തുള്ള ഭിത്തിയിൽ കർത്താവിന്റെ പീഡാനുസഹനത്തെയും കുരിശുമരണത്തെയും അനുസ്മ രിപ്പിക്കുന്ന കുരിശിന്റെ വഴിയുടെ ചിത്രങ്ങൾ ഓരൊന്നിന്റെ തനിമയാർന്ന മ്യൂറൽ പെയിന്റിംഗ് ചിത്രീകരിച്ചിരിക്കുന്നു. സഹനത്തിൻ്റെയും ദുഃഖത്തിൻ്റെതുമായ കുരിശിന്റെ വഴി അവസാനിക്കുന്നത് മഹാത്ഭുതത്തിൻ്റെയും സന്തോഷത്തിൻ്റെതുമായ ഉത്ഥാനത്തിലാണ്. കർത്താവിന്റെ സഹനത്തോട് നമ്മുടെ ജീവിത സഹനങ്ങൾ ചേർത്തു വയ്ക്കുമ്പോഴാണ് നമ്മുടെ സഹനങ്ങൾക്ക് ഉത്ഥാനത്തിന്റെ മൂല്യം കൈവരുന്നത്. സഹനങ്ങളുടെ നിമിഷങ്ങളിൽ കർത്താവിൻ്റെ ഉത്ഥാനം നമുക്ക് പ്രത്യാശ പകരുന്നു എന്ന് ഈ ചിത്രങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ആതൂല വാസ്തുവിദ്യാഗു ണകുലത്തിന്റെ പഠനമനുസരിച്ച് മ്യൂറൽ പെയിന്റിംഗിൽ കുരിശിന്റെ വഴി ലോകത്തിലാദ്യമായി ഇവിടെ യാണ് ചിത്രീകരിക്കുന്നത്.
Saint Joseph and the Holy Virgin Mary
ദൈവിക നിയമങ്ങളുടെ അനുസരണത്തിൽ ഉത്സുകനായിരുന്ന യൗസേപ്പിതാവും മാതാവും (ലേവ്യ 12:8; ലൂക്കാ 2:24) താലത്തിൽ രണ്ടു ചങ്ങാതികളെയും കൊണ്ട് നിൽക്കുന്ന ചിത്രം ആനവാതിലിന്റെ ഇതര പാർശ്വത്തെ അലങ്കരിക്കുന്നു ദേവാലയത്തിൽ നമ്മളെ തന്നെ ദൈവത്തിന് സമർപ്പിക്കുന്നതിന് പ്രതീകമാണ് ഈ ചിത്രീകരണം. നാം നമ്മുടെ പ്രയത്നഫലങ്ങളും കാഴ്ചകളും ജീവിതം തന്നെയും വിശുദ്ധ യൗസേപ്പിനെയും പരിശുദ്ധ കന്യകാമറിയത്തെയും പോലെ ദൈവസന്നിധിയിൽ അർപ്പിക്കുവാനാണ് ദേവാലയത്തിൽ പ്രവേശിക്കുന്നത് എന്ന് ഈ ചിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു
Jesus Conversing with the Theologians
“ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങൾ അറിയുന്നില്ലേ” (ലൂക്കാ 2:49). ബാലനായ ഈശോ പിതാവായ ദൈവത്തിന്റെ വാക്കുകൾ വേദശാസ്ത്രികൾക്കു പങ്കുവയ്ക്കുന്നതുപോലെ ഇന്ന് ദൈവവചനം പങ്കുവയ്ക്കുന്ന വേദിയാണ് ബേമ്മ. ബേമ്മയിലെ വായനപീഠത്തിൽ (Lecture stand) ദൈവവചനം പങ്കുവയ്ക്കപ്പെടുന്നുവെന്നും അതു സ്വീകരിക്കുന്നവർ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതരാകേണ്ടവരാണെന്നും ഈ ചിത്രം നമ്മെ അനുസ്മരിപ്പിക്കുന്നു (മത്തായി 7:21). വചനമാകുന്ന വിരുന്നിലൂടെയാണ് ആത്മീയ ജീവിതം പുഷ്ടി പ്രാപിക്കുന്നത്. വചനത്തിന്റെ മേശ നിത്യജീവിതത്തിലേക്കുള്ള പടിയാണ്. വചനം ശ്രവിക്കുന്നവർ അതനുസരിച്ച് ജീവിക്കാൻ കടപ്പെട്ടവരാണ്. ദൈവവചനത്തോടുള്ള തീഷ്ണതയ്ക്ക് ഭൗതികകാര്യങ്ങൾ ഒരു തടസ്സമാകരുതെന്നും ഈ സംഭവത്തിലൂടെ ഈശോ നമ്മെ പഠിപ്പിക്കുന്നു.
Aaradhana Kramavatsaram
പള്ളിയുടെ അൾത്താരയുടെ ഒരു വശത്ത് ആരാധനാക്രമവത്സരത്തിന്റെ കാലഘട്ടങ്ങളുടെ ചിത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നു. മംഗളവാർത്താക്കാലം മുതൽ അവസാന കാലഘട്ടമായ പള്ളിക്കൂദാശക്കാലം വരെ ആരാധനാക്രമകാലങ്ങളെ ക്രമമായി ചിത്രീകരിച്ചിരിക്കുന്നു. മിശിഹാസംഭവം സമഗ്രമായി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈശോയുടെ മനുഷ്യാവതാരം മുതൽ രണ്ടാമത്തെ ആഗമനം വരെയാണ് മിശിഹാസംഭവത്തിന്റെ കാതൽ. മംഗളവാർത്തയിൽ ആരംഭിക്കുന്ന ഈശോയുടെ രക്ഷാകരകർമ്മം മുതൽ കർത്താവിന്റെ രണ്ടാമത്തെ ആഗമനം വരെയുള്ള സംഭവങ്ങൾ പരി. കുർബാനയിൽ അനുസ്മരിക്കുന്നു. മദ്ബഹയിൽ അർപ്പിക്കുന്ന പരി. കുർബാനയിൽക്കൂടി നമ്മൾ ആത്മീയ ജീവിതത്തിൽ വളർന്ന് അതിന്റെ പൂർണ്ണ സ്വർഗ്ഗീയ ജീവിതത്തിൽ കണ്ടെത്തുന്നു. ദൈവാലയവും അതിലെ തിരുക്കർമ്മങ്ങളും ഇതിനു നമ്മെ സഹായിക്കുന്നുവെന്ന് വിവിധ കാലഘട്ടങ്ങളുടെ ചിത്രങ്ങൾ അനുസ്മരിപ്പിക്കുന്നു.
Church Facilities & Liturgical Spaces
Bema
ബേമ്മ (വചനവേദി)യിലാണ് വചനശുശ്രൂഷ പരികർമ്മം ചെയ്യുന്നത്. വചനവേദിക്കുമുമ്പിൽ കൈചൂണ്ടി നിൽക്കുന്ന സ്നാപകയോഹന്നാനെയോ അതിനുമുമ്പിൽ ഈശോയുടെ പ്രതീകമായ കുഞ്ഞാടിനെയോ കാണാം. സ്നാപകയോഹന്നാൻ ഈശോയെ ലോകത്തിനു കാണിച്ചു കൊടുത്തതുപോലെ ("ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" - യോഹ. 1:29) ഇന്നു വചനവേദിയിൽ ഈശോയെ ലോകത്തിനു കാണിച്ചു കൊടുക്കുന്നു. ഈശോ പ്രസംഗിച്ച അതേ വാക്കുകൾ സുവിശേഷ പ്രഘോഷണത്തിലൂടെ നാം കേൾക്കുന്നു. വിശ്വാസത്തിന്റെ കണ്ണുകൊണ്ട് ഈശോയെ കാണുകയും ചെയ്യുന്നു.
Sacristy
അൾത്താരയുടെ നടുഭാഗത്ത് ദൈവത്തിന്റെ സിംഹാസനമായ സക്രാരി സ്ഥിതിചെയ്യുന്നു. പഴയ കാലങ്ങളിൽ ബലിക്കല്ലിനടിയിലാണ് സക്രാരികൾ സ്ഥാപിച്ചിരുന്നത്. സക്രാരി ദൈവാലയത്തിലെ നിരന്തരമായ ദൈവസാന്നിദ്ധ്യത്തിന്റെ പ്രതീകം കൂടിയാണ്.
Busgasa
കുർബാനയ്ക്ക് വിശുദ്ധ വസ്തുക്കൾ ഒരുക്കുവാനായി മദ്ബഹയുടെ ഇരുവശങ്ങളിലും സജ്ജീകരിച്ചിരിക്കുന്ന സ്ഥലമാണ് ബേസ്ഗസാ. ബേസ്ഗസായിൽ നിന്നും പ്രദക്ഷിണമായി അപ്പവും വീഞ്ഞും പുരോഹിതൻ അൾത്താരയിലേക്ക് സംവഹിക്കുന്നു.ഈശോയുടെ പീഡാനുഭവയാത്രയെയും കുരിശിൽ നിന്നും ഇറക്കിയ ശരീരം കല്ലറയിലേക്ക് സംവഹിച്ചതിനെയും ഈ പ്രതിക്ഷണം സൂചിപ്പിക്കുന്നു
Aanavathil
പള്ളിയുടെ പ്രധാന കവാടമാണ് ആനവാതിൽ ആനവാതിൽ തുറക്കുന്നത് സ്വർഗത്തിന്റെ കവാടം തുറക്കുന്നതിന് പ്രതീകമാണ് ആന വാതിലിനോട് ചേർന്നും പള്ളിയുടെ ഇരുവശത്തെ ഓരോ വാതിലിനോടും ചേർന്നു ഭിത്തിയിൽ കുരിശടയാളം പതിച്ചിട്ടുണ്ട് പള്ളി കൂദാശ ചെയ്യുന്ന അവസരത്തിൽ ഈ കുരിശുകളിൽ മെത്രാൻ സൈത്തു കൊണ്ട് റുശ്മ ചെയ്യുന്നുണ്ട് ബാഹ്യ ലോകത്തിൻറെ അപകടങ്ങളിൽ നിന്നും ആരാധകർ സ്ലീവായാൽ സംരക്ഷിക്കപ്പെടുന്നുവെന്നാണ് ഈ കുരിശുകൾ സൂചിപ്പിക്കുന്നത്
Mammodeesa Thotti
ദൈവികജീവിതത്തിൽ നമ്മെ പങ്കുകാരാക്കുന്നു. അൾത്താരയുടെ ഇടതുവശത്ത് ക്രിസ്തീയ ജീവിതത്തിൽ നമ്മെ ജനിപ്പിക്കുന്ന മാമ്മോദീസാത്തൊട്ടി സജ്ജീകരിച്ചിരിക്കുന്നു. ആത്മീയ ജീവിതത്തിന് ജന്മം കൊടുക്കുന്ന അമ്മയാണ് മാമ്മോദീസാത്തൊട്ടി. ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കുന്ന ബലിപീഠവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്.
Empty Cross
മദ്ബഹയുടെ മറുവശത്തെ ശൂന്യമായ കുരിശ് കർത്താവിനെ കുരിശിൽനിന്നും താഴെയിറക്കി കല്ലറയിൽ അടക്കം ചെയ്തു എന്നതിനെ സൂചിപ്പിക്കുന്നു. അവിടുത്തെ ശരീരത്തിൽ അണിഞ്ഞിരിക്കുന്ന കച്ച ആ കുരിശിൽ തൂക്കിയിട്ടിരിക്കുന്നു. "ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി അതിൽ പൊതിഞ്ഞു പാറയിൽ വെട്ടിയൊരുക്കിയ കല്ലറയിൽ അവനെ സംസ്കരിക്കുകയും കല്ലറയുടെ വാതിൽക്കൽ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു" (മർക്കോ. 15:46). പൗരസ്ത്യ ആരാധന ക്രമത്തിൽ പരിശുദ്ധ കുർബാന ഉയിർപ്പിന്റെ ആഘോഷമാണ്. അവിടെ ഉയിർപ്പിനെ അനുസ്മരിപ്പിക്കുന്ന മൂന്നു കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. പൗരസ്ത്യവീക്ഷണത്തിൽ കർത്താവിന്റെ ഉയിർപ്പുനടന്ന ദിവസം ആഴ്ചയിലെ ആദ്യദിവസമാണ്. (ഞായറാഴ്ച) ഉയിർപ്പുതിരുനാൾ ആഴ്ചപ്പതിപ്പാണ്. ഞായറാഴ്ചയും പ്രധാനം ചെയ്യുന്ന ദിവസമാണ്. അതിനാൽ കൃപാവർഷത്തിന്റെ ആഘോഷദിവസമാണ്.
Empty Tomb
ബലിപീഠത്തിൻ്റെ അടിയിൽ കർത്താവിൻ്റെ ശൂന്യമായ കല്ലറ രൂപകൽപ്പന ചെയ്തിരിക്കുന്നു. അൾത്താരയുടെ അടിഭാഗത്ത് ഒരു ദൈവദൂതൻ ഇരിക്കുന്നതും അടുത്ത് മഗ്ദലനമറിയത്തോടു പറഞ്ഞ വാക്കുകളും "അവൻ ഇവിടെയില്ല താൻ അരുളിച്ചെയ്തതുപോലെ അവൻ ഉയിർപ്പിക്കപ്പെട്ടു" (മത്താ. 28:6) ആലേഖനം ചെയ്തിരിക്കുന്നു. ഈശോ ഉയിർത്തെഴുന്നേറ്റു എന്നതിൻ്റെ മറ്റൊരു തെളിവാണിത്.
Image of God the Father
ബലിപീഠത്തിനു മുകളിൽ പിതാവായ ദൈവം തന്റെ സ്വർഗ്ഗീയ ദൂതഗണത്തോടുകൂടി വാനമേഘങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം സ്റ്റയിൻഡ്ഗ്ലാസ്സിൽ (Stained glass) ചിത്രീകരിക്കുന്നു. ഉയിർത്തെഴുന്നേറ്റ ഈശോയുടെ രൂപംപോലെ അൾത്താരയിലെ ബലിയർപ്പണത്തിൽ അപ്പവും വീഞ്ഞും ഈശോയുടെ ആത്മീയ ശരീരവും ആത്മീയ രക്തവുമായി രൂപാന്തരപ്പെടുന്നു (Transubstantiation). പൗരസ്ത്യപിതാക്കന്മാർ ഇതിനെത്തന്നെയാണ് വിശുദ്ധ കുർബാനയെ ഉയിർപ്പിന്റെ ആഘോഷമെന്നു വിളിക്കുന്നത്. ഉത്ഥിതനായ കർത്താവിന്റെ ശരീരത്തെയും രക്തത്തെയും നാം സ്വീകരിക്കുന്നത് സ്നേഹവും മഹത്വവും നിറഞ്ഞ പിതാവായ ദൈവത്തിന്റെ സ്നേഹവും മഹത്വവും അനുഭവിക്കുന്നു. "എന്നെക്കാണുന്നവൻ പിതാവിനെ കാണുന്നു" (യോഹ. 14:9). കർത്താവിന്റെ ശരീരരക്തങ്ങൾ സ്വീകരിക്കുന്നവർ പിതാവിന്റെ സ്നേഹവും മഹത്വവും ഉൾക്കൊണ്ട് കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിനു സജ്ജരാകുന്നു (Transfinalization). ബലിയർപ്പണത്തിൽ സംബന്ധിക്കുന്ന ഓരോ വിശ്വാസിയും ആത്മീയ ജീവിതത്തിൽ വളർന്ന് സ്വർഗ്ഗീയ ജീവിതം അനുഭവവേദ്യമാക്കേണ്ടവരാണെന്നുള്ള വസ്തുത ഈ ചിത്രം ബോധ്യപ്പെടുത്തുന്നു.
Thora
മദ്ബഹയുടെ മുകളിൽ ഉയർത്തി പണിതിരിക്കുന്ന വചനസംരക്ഷണ കൂടാരമാണ് തോറാ. മദ്ബഹയുടെ ഔന്നത്യത്തെ കാണിക്കുന്നതാണ് ഈ സ്ഥലം. തോറയിൽ പ്രഭാതം മുതൽ പ്രദോഷം വരെ സൂര്യകിരണങ്ങൾ വീണുകൊണ്ടിരിക്കുന്നു. (Ref.മലാക്കി 1:11) ജറുസലേം ദൈവാലയത്തിലെ വിശുദ്ധിയുടെ വിശുദ്ധസ്ഥലത്ത് കർത്താവിന്റെ പ്രകാശകിരണങ്ങൾ വീണുകൊണ്ടിരിക്കുന്നതിനെ ഇത് അനുസ്മരിപ്പിക്കുന്നു.