ST.MARY'S CHRUCH KALATHOOR

Legacy

ചരിത്രവും പൈതൃകവും

കളത്തൂർ പള്ളി: പ്രകാശഗോപുരം

കോട്ടയം ജില്ലയിലെ ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട് ഫൊറോന പള്ളിയിൽനിന്നും നാലു കിലോ മീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന ഗ്രാമീണ ഭംഗിയുടെ വിളനിലമായ കളത്തൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് കളത്തൂർ പള്ളി സ്ഥിതി ചെയ്യുന്നത്. വെമ്പള്ളി – കോതനല്ലൂർ റോഡും, കാണക്കാരി-തോട്ടുവാ റോഡും സന്ധിക്കുന്ന ഈ സ്ഥാനം കളത്തൂരിൻ്റെ പ്രകാശഗോപുരമായി അറിയപ്പെടുന്നു.

1917-ൽ സ്ഥാപിതമായ ഈ ദൈവാലയം ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ളതാണ്. ഭക്തജനങ്ങൾ പരിശുദ്ധ അമ്മയെ ‘കളത്തൂർ മുത്തിയമ്മ’ എന്ന് ഭക്തിയാദരവോടെ വിളിച്ചുവരുന്നു. നാനാജാതി മതസ്ഥരായ അനേകായിരങ്ങൾക്ക് ഈ ദൈവാലയം ഇന്നും ആശ്രയവും അഭയവുമാണ്.

കുറവിലങ്ങാട്: മാതൃ ഇടവകയുടെ പൈതൃകം

കളത്തൂർ പള്ളിയെപ്പറ്റി ചിന്തിക്കുമ്പോൾ മാതൃ ഇടവകയായ കുറവിലങ്ങാടിനെപ്പറ്റിയും അവിടുത്തെ ചരിത്രത്തെപ്പറ്റിയും പരാമർശിക്കേണ്ടത് അനിവാര്യമാണ്. എ.ഡി. 335-ൽ സ്ഥാപിതമായ കുറവിലങ്ങാട് മർത്തമറിയം പള്ളി, കേരളത്തിലെ ക്രൈസ്തവ ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമുള്ള ഇടവകയാണ്. പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട് സ്ഥാന നിർണ്ണയം നടത്തിയ ഈ ദൈവാലയം “മാർത്തോമ്മാ നസ്രാണിമക്കളുടെ ജറുസലേം” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

അത്ഭുത ഉറവ: ദൈവമാതാവ് കാണിച്ചുകൊടുത്ത അത്ഭുത ഉറവ ഇന്നും ആയിരങ്ങൾക്ക് ആശ്വാസമേകുന്നു.
ചരിത്ര സ്മാരകങ്ങൾ: ജർമ്മനിയിൽ നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ മണികളും, എട്ടുപേർക്ക് ഒരേസമയം തേങ്ങ ചിരണ്ടാവുന്ന ഒറ്റത്തടിയിൽ തീർത്ത ചിരവയും ഇവിടുത്തെ വിസ്മയങ്ങളാണ്.

കോതനല്ലൂർ ഫൊറോനയും കളത്തൂരും

2005 ജൂലൈ മൂന്നിന് കോതനല്ലൂർ പള്ളി ഫൊറോനാ പള്ളിയായി ഉയർത്തപ്പെട്ടതോടെ കളത്തൂർ പള്ളി കോതനല്ലൂർ ഫൊറോനയുടെ കീഴിലായി. എ.ഡി. 826-ൽ സ്ഥാപിതമായ കോതനല്ലൂർ പള്ളി ഇരട്ട വിശുദ്ധന്മാരായ വി. ഗർവ്വാസീസിന്റെയും വി. പ്രോത്താസീസിന്റെയും (കന്തീശങ്ങൾ) നാമധേയത്തിലുള്ളതാണ്. മിലാൻ അതിരൂപതയിൽ നിന്നും ലഭിച്ച ഇവരുടെ തിരുശേഷിപ്പ് ഇവിടെ വണക്കത്തിനായി പ്രതിഷ്ഠിച്ചിട്ടുണ്ട്.

വികസനത്തിൻ്റെ നാഴികക്കല്ലുകൾ

കളത്തൂർ ഇടവകയുടെയും കുറവിലങ്ങാടിന്റെയും വികസനത്തിൽ ദേവമാതാ കോളേജ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കളത്തൂർ ഇടവകക്കാരനായ ഫാ. പോൾ ആലപ്പാട്ട് കുറവിലങ്ങാട് വികാരിയായിരുന്ന കാലത്ത് എടുത്ത സാഹസികമായ തീരുമാനത്തിന്റെ ഫലമാണ് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രം. ഇതിന്റെ നിർമ്മാണത്തിൽ കളത്തൂർ ഇടവകക്കാർ നൽകിയ സഹായസഹകരണങ്ങൾ എടുത്തുപറയേണ്ടതാണ്.